മഴ പറമ്പിനെ കുറിച്ച് പൂര്വസൂരികള്ക്ക് പല കഥകളുണ്ട്. അത്താന്നിപറമ്പ്, ആശാരി പറമ്പ്, കുറുക്കന് പറമ്പ്, കാലിപറമ്പ്, പുഴ പറമ്പ്, കുളപറമ്പ്, കളിപറമ്പ്, യക്ഷി പറമ്പ്, ചാത്തന് പറമ്പ് തുടങ്ങി ഒട്ടനേകം പറമ്പുകള്‍ ചേര്‍ന്നതാണ് മഴ പറമ്പ്.
പണ്ട്, എന്ന് വച്ചാല്‍ വളരെ പണ്ട്...ഒരു ദിവസം മഴ തുടങ്ങി. വെള്ളം കുത്തിപൊട്ടുന്ന കൊടിയ മഴ.
മന്ദാരപുഴ നിറഞ്ഞു കവിഞ്ഞു. ആകാശവാണിയിലും പിറ്റേന്ന് കേരളത്തിലെ പത്രങ്ങളിലും പ്രളയം എന്ന വാര്‍ത്ത പടര്‍ന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ഭൂമിയിലെ മറ്റിടങ്ങളിലെ മഴ നിന്നെങ്കിലും ഇവിടെ മാത്രം മഴ നിന്നിലെത്രേ. നേര്‍ത് നേര്‍ത് പെയ്യുന്ന തുള്ളികളോടെ മഴ നിത്യ സാന്നിദ്ധ്യമായി. ആദ്യം ശപിച്ചും പിന്നെ പിറുപിറുത്തും മഴയത്ത് ഇറങ്ങി. പിന്നെ പിന്നെ കുട ഉപേക്ഷിച്ചു. ജലദോഷവും പനിയും പിടിക്കാതെ അവര്‍ മഴയെ പ്രാണനെ പോലെ സ്നേഹിച്ചു തുടങ്ങി.
പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനു മുന്‍പ് ഒരു തുള്ളി മഴ വെള്ളം കൊടുക്കാന്‍ തുടങ്ങി. മഴ പറമ്പുകാരുടെ സൌന്ദര്യത്തിനും ആരോഗ്യത്തിനും കാരണം മറ്റൊന്നല്ല എന്നാണ് രഹസ്യ സംസാരം.
